ഹാന്‍ഡ്‌സെറ്റ് ഏതാണെന്ന് ചോദിക്കുന്നതിനേക്കാള്‍ മൊബൈല്‍ ഒഎസ് ഏതാണെന്ന് ആദ്യം അന്വേഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആന്‍ഡ്രോയിഡ്, ഐഒഎസ്, സിംബിയന്‍... ഏതു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നുവോ അതിന്റെ പേരിലാണ് സ്മാര്‍ട്‌ഫോണുകള്‍ അറിയപ്പെടുന്നത്. സ്വന്തം ഒഎസായ സിംബിയന്‍ ഉപേക്ഷിച്ച് വിന്‍ഡോസ് ഫോണ്‍ 7 ഒഎസിലേക്ക് മാറുകയാണെന്ന് നോക്കിയ പ്രഖ്യാപിച്ചു കഴിഞ്ഞു. വിന്‍ഡോസ് ഫോണ്‍ 7 ഉടന്‍ ഇറങ്ങുമെന്ന പ്രതീക്ഷയുമായി നോക്കിയ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചുനാളായി. ഇതിനിടയില്‍ എക്‌സ് 7 എന്ന സൂപ്പര്‍ സ്മാര്‍ട്‌ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് നോക്കിയ. ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് സിംബിയന്റെ ഏറ്റവും പുതിയ പതിപ്പായ 'അന്ന'യാണ് എക്‌സ് 7 നിലുള്ളത്. 'സിംബിയന്‍ അന്ന' വെര്‍ഷന്‍ ഒഎസ് ഉപയോഗിക്കുന്ന നോക്കിയയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആകുകയാണ് എക്‌സ് 7.
കാഴ്ചയില്‍ ഏറെ വ്യത്യസ്തമാണ് ഈ സ്മാര്‍ട്‌ഫോണിന്റെ രുപമെന്ന് ആരും പറയും. വശങ്ങള്‍ കൂര്‍ത്ത ഈ രൂപത്തിലുള്ള ഫോണുകള്‍ മൊബൈല്‍ ഫോണിന്റെ ആദ്യകാല അവതാരങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. മനസില്‍ നിറയെ കുസൃതിയുളള ആരോ ആണ് ഈ ഫോണ്‍ രൂപകല്‍പന ചെയ്തതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൂര്‍ണമായും സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച ഈ ഫോണിന്റെ മുന്‍വശത്തെ ബ്രഷ്ഡ് മെറ്റല്‍ ഫിനിഷ് സൗന്ദര്യം വര്‍ധിപ്പിക്കുന്നു.
നാലിഞ്ച് വിസ്താരമുള്ള അമോലെഡ് സ്‌ക്രീനാണ് എക്‌സ് 7 ലുള്ളത്. സാംസങിന്റെ ഗാലക്‌സി എസില്‍ സൂപ്പര്‍ അമോലെഡും, ഗാലക്‌സി എസ് 2 വില്‍ സൂപ്പര്‍ അമോലെഡ് പ്ലസും ഉള്ളപ്പോള്‍ എക്‌സ് 7 ലെ സാദാ അമോലെഡിനെന്താണിത്ര വിശേഷം എന്നു വിമര്‍ശകര്‍ നെറ്റി ചുളിച്ചേക്കാം. സാദാ എല്‍സിഡി ഡിസ്‌പ്ലേയാക്കാള്‍ എത്രയോ ഭേദമാണ് അമോലെഡ് എന്നു മാത്രമേ ഇതിനു മറുപടി പറയാനുള്ളൂ. ഇരുണ്ട ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി ആയുസ് ലാഭിക്കാനും അമോലെഡ് ഡിസ്‌പ്ലേയ്ക്ക് കഴിയും. ഗോറില്ല ഗഌസായതിനാല്‍ പോറല്‍ വീഴുമെന്ന പേടിയും വേണ്ട. ഇതൊക്കെയാണെങ്കിലും റിസൊല്യൂഷന്റെ കാര്യത്തില്‍ ഈ ഫോണിലെ ഡിസ്‌പ്ലേ അല്പം മോശം തന്നെ. 360 ഗുണം 640 പിക്‌സല്‍സേ ഉള്ളൂ. പ്രീമിയം റേഞ്ചില്‍ പെടുന്ന ഈ ഫോണിന് അല്പം കൂടി മെച്ചപ്പെട്ട റിസൊല്യൂഷന്‍ ആരും പ്രതീക്ഷിക്കും.
സ്‌ക്രീനിന്റെ താഴെ ഇയര്‍പീസും പ്രോക്‌സിമിറ്റി സെന്‍സറും ഘടിപ്പിച്ചിരിക്കുന്നു. സ്‌ക്രീനിനു താഴെയുള്ള മെനു ബട്ടന്‍, വോളിയം റോക്കര്‍, വശത്തുള്ള ക്യാമറ ഷട്ടര്‍ കീ എന്നിവ മാത്രമേ ഫോണിലുള്ളു. ബാക്കിയെല്ലാ സംവിധാനങ്ങള്‍ക്കും ടച്ച് സ്‌ക്രീന്‍ തന്നെയുപയോഗിക്കണം.
എട്ട് മെഗാപിക്‌സലും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമുള്ള കിടിലന്‍ ക്യാമറയാണ് എക്‌സ് 7 ലുള്ളതെങ്കിലും ഓട്ടോഫോക്കസില്ലാത്തത് ചെറിയ പേരായ്മയാകും, പ്രത്യേകിച്ച് വലിയ ക്ലോസ്-അപ്പ് ചിത്രങ്ങളെടുക്കുമ്പോള്‍. 720p വീഡിയോ റെക്കോഡിങ് സൗകര്യവും ഫോണിലുണ്ട്്. മുന്‍വശത്ത് ക്യാമറ ഇല്ലാത്തതിനാല്‍ വീഡിയോ കോളിങിനെക്കുറിച്ച് ആലോചിക്കേണ്ട.
പുതുതലമുറ സ്മാര്‍ട്‌ഫോണുകളുടെ പ്രധാന സവിശേതയായ മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട് ഈ ഫോണില്‍ കാണാനില്ല. ബിസിനസ് േഫാണായ ഇ 7 ല്‍ വരെ നോക്കിയ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈഡെഫനിഷന്‍ ഗാഡ്ജറ്റുകളുമായി കണക്ട് ചെയ്യുന്നതിന് സഹായിക്കുന്ന മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ടിന്റെ അഭാവം വലിയ തിരിച്ചടി തന്നെ.
ആന്‍ഡ്രോയിഡിന്റെയും ആപ്പിള്‍ ഐഒഎസിന്റെയും എല്ലാ നല്ലവശങ്ങളും കൂട്ടിച്ചേര്‍ത്താണ് 'സിംബിയന്‍ അന്ന' നിര്‍മിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഇഷ്ടം പോലെ ഫോള്‍ഡറുകള്‍ നിര്‍മിച്ച് നമുക്കിഷ്ടമുള്ള ആപ്ലിക്കേഷനുകള്‍ അതിനുള്ളില്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ സൗകര്യം. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ആന്‍ഡ്രോയിഡിലൊന്നും അതു നടപ്പില്ല.
പോര്‍ട്രെയ്റ്റ് ക്യുവെര്‍ട്ടി കീബോര്‍ഡ്, സ്പ്ലിറ്റ് സ്‌ക്രീന്‍ എന്നിവയാണ് 'അന്ന' സമ്മാനിക്കുന്ന പ്രധാന സൗകര്യങ്ങള്‍. ഇന്റര്‍നെറ്റ് പരതാനായി പുതിയൊരു ബ്രൗസര്‍ തന്നെ 'അന്ന'യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്ടിഎംഎല്‍ 5 പിന്തുണയ്ക്കുന്ന ഈ ബ്രൗസറില്‍ ഫ്ലാഷ് വെബ്‌സൈറ്റുകളും എളുപ്പത്തില്‍ തുറക്കാം. സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശവും, ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമെല്ലാം മറ്റ് സ്മാര്‍ട്‌ഫോണുകളിലുമുള്ളതുപോലെ എക്‌സ് 7 ലുമുണ്ട്.
സിപിയുവിനു മതിയായ കരുത്തില്ലെന്നതാണ് നോക്കിയ എക്‌സ് 7 ന്റെ പ്രധാന പോരായ്മ. ഇത്രയും സംവിധാനങ്ങളുള്ള ഈ ഫോണിലുള്ളത് 680 മെഗാഹെര്‍ട്‌സ് സിപിയു മാത്രം. ചുരുങ്ങിയത് ഒരു ജിഗാഹെര്‍ട്‌സ് സിപിയു എങ്കിലും വേണ്ട ഫോണാണിത്. അതുകൊണ്ട് തന്നെ ത്രീഡി ഗ്രാഫിക്‌സുള്ള ഗെയിമുകള്‍ ഈ എക്‌സ് 7 ല്‍ തുറന്നുവരാന്‍ സമയമെടുക്കും. ബാറ്ററി ആയുസിന്റെ കാര്യത്തിലും ഫോണ്‍ പുറകില്‍ തന്നെ.
20,490 രൂപയ്ക്കാകും ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുക. അങ്ങനെയെങ്കില്‍ ഇതേ റേഞ്ചിലുള്ള എല്‍ജി ഒപ്ടിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് എന്നിവയോടാകും എക്‌സ് 7ന് മത്സരിക്കേണ്ടിവരുക.
--
Mufi PT
+919037999953
No comments:
Post a Comment