ബഹുമാനപ്പെട്ട അന്ന ഹസാരെ, കേന്ദ്രസര്‍ക്കാരിന് ആരെയെങ്കിലും ഭയമുള്ള ഒരു അവസ്ഥ കാലങ്ങള്‍ക്ക് ശേഷം സൃഷ്ടിച്ചതിന് താങ്കള്‍ക്ക് നന്ദി. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷം പരാജയപ്പെടുകയും ചിതറപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം ബദലുകള്‍ സൃഷ്ടിക്കപ്പെടുന്നത് നല്ലതുതന്നെയാണ്. സമരവും പ്രക്ഷോഭവും നയിക്കാനുള്ള അവകാശങ്ങളെ ഭരണകൂടം ചോദ്യം ചെയ്യുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്. സര്‍ക്കാരിന്റെ ഇത്തരം ഭീരുത്വം താങ്കള്‍ക്കും താങ്കളുടെ ആശയത്തിനും ഗുണം ചെയ്‌തുവെങ്കിലും ജനാധിപത്യത്തിന് കടുത്ത ക്ഷീണമാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്ന രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരിലും വിശ്വസിക്കുകയും ചെയ്യുന്ന എന്നെ പോലുള്ള ആളുകളെ ഭയപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമായിരുന്നു ഈ സര്‍ക്കാര്‍ നടപടികള്‍. പക്ഷേ, എന്താണ് സാര്‍ താങ്കള്‍ ഈ സമരം കൊണ്ട് ആവശ്യപ്പെടുന്നത്? അഴിമതിക്കെതിരെ നിയമം വന്നാല്‍ ഈ രാജ്യത്ത് നൂറ്റാണ്ടുകാളായി നിലനില്‍ക്കുന്ന ജാതിമേല്‍കോയ്‌മയും ദാരിദ്രവും ഇല്ലാതാകുമോ? സംവരണത്തെ എതിര്‍ക്കുന്ന, രാഷ്ട്രീയകക്ഷികളെയും സമരങ്ങളേയും നിരന്തരം പുച്ഛിക്കുന്ന ഒരു വിഭാഗം ജനത എന്തുകൊണ്ടാണ് സര്‍ താങ്കള്‍ക്ക് പിറകേ മുദ്രവാക്യം വിളിച്ചു വരുന്നത്? അവര്‍ രാംലീല മൈതാനിയിലേയ്‌ക്കും തിഹാര്‍ ജയിലിന് മുന്നിലേയ്‌ക്കും വരുന്നതിനിടെ എത്ര റെഡ്‌ലൈറ്റുകള്‍ ലംഘിക്കുകയും എത്ര തവണ സീബ്രാലൈനിലൂടെ അല്ലാതെ നിരത്തുകള്‍ മുറിച്ചു കടക്കുകയും ചെയ്‌തിട്ടുണ്ടാകും? മെട്രോ ട്രെയിനിലൂടെ യാത്രചെയ്യുമ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കും വിധം ബഹളമുണ്ടാക്കരുതെന്നും കുഞ്ഞുങ്ങളെ എടുത്തു നില്‍ക്കുന്നവര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമെല്ലാം ഇടംകൊടുക്കണെമെന്നും ഇവര്‍ക്ക് അറിയില്ലേ? ഇവരെല്ലാവരും തലവരി പണം കൊടുക്കാതെ പഠിച്ചവരും പോലീസിന് പണം നല്‍കാതെ പാസ്‌പോര്‍ട്ട് സമ്പാദിച്ചവരുമാണോ? ഇവരില്‍ എത്ര പേര്‍ 50-50 ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന നിലയില്‍ മയൂര്‍ വിഹാറിലും ദ്വാരകയിലും ഒന്നും രണ്ടും കോടി രൂപയുടെ വീടുകള്‍ വാങ്ങിച്ചവരുണ്ട്? റെഡ്‌ലൈറ്റ് ലംഘിച്ച് പോലീസ് പിടിച്ചാല്‍ ഇവര്‍ നൂറു രൂപകൊടുത്ത ഒഴിവാകുമോ അതോ നിമയം അനുശാസിക്കുന്ന ആയിരം രൂപ നല്‍കുമോ? എന്തുകൊണ്ടാണ് സര്‍, ബാബ്‌രി മസ്‌ജിദ് തകര്‍ത്തപ്പോഴും ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോഴും ഇവരിലൊരു വലിയ ഭൂരിപക്ഷത്തെ പ്രതിഷേധവുമായി പുറത്തുകാണാതിരുന്നത? മാവോ വേട്ടയുടെ പേരില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്യുന്നത് താങ്കളുടെ അനുയായികളെ അലട്ടാറില്ലേ? പട്ടാള നിയമത്തിന്റെ പേരില്‍ മണിപ്പൂരിലും കാശ്‌മീരിലും സ്‌ത്രീകള്‍ ബലാത്‌സംഗം ചെയ്യപ്പെടുമ്പോള്‍ താങ്കളുടെ അനുയായികള്‍ ആശങ്കപെടാറുണ്ടോ? ഒരു മാസം താങ്കള്‍ നിരാഹാരമിരുന്നാല്‍ അഴിമതി അവസാനിക്കുമെന്ന് കരുതുന്ന ഈ അനുയായികളില്‍ എത്രപേര്‍ പത്തുവര്‍ഷത്തിലേറെയായി നിരാഹാരം അനുഷ്‌ഠിക്കുന്ന ഒരു മണിപ്പൂരി യുവതിയെ കുറിച്ച് കേട്ടിട്ടുണ്ട? വിദര്‍ഭയില്‍ പട്ടിണികൊണ്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ വിലക്കയറ്റം പൊറുതി മുട്ടിക്കുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്‌ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ദളിതര്‍ ജാതിവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ ചുട്ടുകൊല്ലപ്പെടുമ്പോള്‍ നിങ്ങളെവിടെയായിരുന്നുവെന്ന് അവരോട് താങ്കള്‍ ചോദിക്കാത്തതെന്ത്? രാജ്യത്തെ ജനകീയ സമരങ്ങളെ ഒന്നടങ്കം നിരാകരിക്കുകയും വ്യവസ്ഥിതിയേയും സര്‍ക്കാരിന്റെ മുഴുവന്‍ മര്‍ദ്ദനോപാധികളേയും ചോദ്യങ്ങളില്ലാതെ അംഗീകരിച്ചു പോരുകയും മാത്രം ചരിത്രമായുള്ള അര്‍ണബ് ഗോസ്വാമി എന്ന ചാനല്‍ നേതാവ് താങ്കളുടെ സമരത്തിന്റെ പ്രധാന പ്രചാരകനായിരിക്കുന്നതിന്റെ വിരോധാഭാസം താങ്കളെ വിഷമിപ്പിക്കുന്നില്ലേ? നിയമം ഉണ്ടാവുകയും മനോഭാവം മാറാതിരിക്കുകയും ചെയ്‌താല്‍ കാര്യമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? തീര്‍ച്ചയായും ഇതിനെല്ലാം ഉത്തരങ്ങളുള്ള കുറേ പേരെങ്കിലും താങ്കളുടെ കൂടെ കാണും. പക്ഷേ, ചോദ്യങ്ങള്‍ നിങ്ങള്‍ പരസ്‌പരം ചോദിക്കാതിരിക്കുന്നത് ചരിത്രത്തെ സൃഷ്ടിക്കില്ല. രാംലീലയില്‍ മുല്ലപ്പൂ വിപ്ലവം വിരിയുമെന്ന് വിശ്വസിക്കുന്ന, പരസ്‌പരം അടക്കം പറയുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി തന്നെയാണ് ഞാനും. താങ്കള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രധാനമായും എഴുതിക്കൊണ്ടിരിക്കുന്നത്. പക്ഷേ, താങ്കള്‍ക്കൊപ്പമുള്ളവരെ കാണുമ്പോള്‍ മനസിലുയരുന്ന ചോദ്യങ്ങള്‍ വാര്‍ത്തയല്ലല്ലോ, അതെന്റെ ചിന്തകള്‍ മാത്രമാണല്ലോ? അതുകൊണ്ട് ഇതിലിടെ കുറിക്കുന്നു. 65 സ്വതന്ത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരുന്നത് താങ്കളിലൂടെയും രാംലീലയിലും മറ്റും കാണുന്ന ഈ ആള്‍ക്കൂട്ടത്തിലൂടെയാണെങ്കിലും സത്യമായും എനിക്ക് അതില്‍ താത്‌പര്യമില്ല. പക്ഷേ എഴുപത്താം വയസിലും പുല്ലുപോലെ നിരാഹാരം ഇരിക്കാന്‍ കഴിയുന്ന, മഴപെയ്യുമ്പോള്‍ ബെന്‍ജോണ്‍സനെ പോലെ ഓടാന്‍ കഴിയുന്ന താങ്കളുടെ ആരോഗ്യത്തില്‍ എനിക്ക് അസൂയവും ആദരവുമുണ്ട്. അഭിവാദ്യങ്ങള്‍.
forward to all
Mufi
+919037999953
No comments:
Post a Comment